കൊച്ചി: ഇന്ത്യൻ പരസ്യലോകത്തെ അതുല്യ പ്രതിഭയും മറക്കാനാവാത്ത പരസ്യങ്ങളുടെ സൃഷ്ടാവുമായിരുന്ന പീയൂഷ് പാണ്ഡെയുടെ നിര്യാണത്തിൽ പെപ്പർ ട്രസ്റ്റ് അനുശോചന യോഗം ചേർന്നു.
കാഡ്ബറി, ഫെവിക്കോൾ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ബ്രാൻഡുകൾക്കായി അദ്ദേഹം ഒരുക്കിയ സമാനതകളില്ലാത്ത പരസ്യങ്ങളെക്കുറിച്ച് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. പരസ്യരംഗത്ത് ഇംഗ്ലീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്ത് സാധാരണക്കാരുടെ ഭാഷയിൽ സംസാരിച്ച പാണ്ഡെ, തന്റെ എല്ലാ സൃഷ്ടികളിലും നൂറുശതമാനം ഇന്ത്യൻ സ്വഭാവം പകർന്നുവെന്നും യോഗം വിലയിരുത്തി.
2017ൽ പെപ്പർ അവാർഡ്സ് ചടങ്ങിന് മുഖ്യാതിഥിയായി കൊച്ചിയിലെത്തിയപ്പോൾ ഇവിടത്തെ പരസ്യരംഗത്തെ യുവതലമുറയ്ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. പ്രശസ്തമായ ‘മിലേ സുർ മേരാ തുമാരാ...’’ എന്ന ഗാനം രചിച്ചത് പീയൂഷ് പാണ്ഡെയാണ്.
അദ്ദേഹം എഴുതിയ 17 ഗാനങ്ങൾ തള്ളിക്കളഞ്ഞ ശേഷം സ്വീകരിച്ച പതിനെട്ടാമത്തെ രചനയായിരുന്നു ഇത്. ഐക്യത്തോടെ ഇന്ത്യ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഓർമിപ്പിക്കുന്ന ശക്തമായ ഗാനമായി ഇത് മാറി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷമാണ് ഗാനം ആദ്യമായി പ്രക്ഷേപണം ചെയ്തത്. അതിനുശേഷം ഇത് ദേശീയ അഭിമാനത്തിന്റെ പ്രതീകമായി മാറി.
പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, ട്രസ്റ്റിമാരായ ഡോ. ടി. വിനയകുമാർ, പി.കെ. നടേശ്, യു.എസ്. കുട്ടി, വി. രാജീവ് മേനോൻ, കൊച്ചിയിലെ പരസ്യ രംഗത്തെ പ്രമുഖരായ വിനോദിനി സുകുമാർ, ഡൊമിനിക് സാവിയോ, ക്രിസ്റ്റഫർ, അനിൽ തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു. പീയൂഷ് പാണ്ഡെയുടെ ചിത്രത്തിനു മുമ്പിൽ ദീപം തെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.